Friday, August 24, 2012

ഒരുമയുടെ ഉത്സവമായി പട്ടത്താനം സ്‌കൂളിലെ ഓണാഘോഷം

ഇല്ലായ്മയും വല്ലായ്മയും മറന്ന് മാനുഷരെല്ലാരും ഒന്നുപോലെ എന്നാരോ പാടിവച്ചത് അന്വര്‍ത്ഥമാക്കുന്നതായിരുന്നു പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി.യു.പി. സ്‌കൂളിന്റെ ഇത്തവണത്തെ ഓണാഘോഷം. മറ്റ് സ്‌കൂളുകളുടെ ആഘോഷങ്ങള്‍ മതിലിനുള്ളിലൊതുങ്ങുമ്പോള്‍ തികച്ചും വ്യത്യസ്തമായി ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പമാണ് പട്ടത്താനം സ്‌കൂളിലെ കുട്ടികള്‍ ഓണമാഘോഷിച്ചത്.

60 കിലോയോളം പൂക്കള്‍കൊണ്ട് അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. പിന്നീട് തുമ്പിതുള്ളലും തിരുവാതിരക്കളിയും കൃഷിപ്പാട്ടുകളും ആവേശം പകരാന്‍ ഉറിയടിമത്സരവും വടംവലി മത്സരവും, കാണാന്‍ മാവേലിമന്നനും കൂടിയായപ്പോള്‍ ആഘോഷങ്ങള്‍ പൂര്‍ണമായി.

പട്ടത്താനം സ്‌കൂളിലെ പി.ടി.എ. കമ്മിറ്റിയും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷത്തില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും അടക്കം 700ഓളം പേര്‍ പങ്കെടുത്തു. ചില്‍ഡ്രന്‍സ് ഹോമിലെ 60 കുട്ടികളും ആഘോഷത്തില്‍ പങ്കെടുത്തു. ഇവര്‍ക്കായി പട്ടത്താനം സ്‌കൂളിലെ കുട്ടികള്‍ സമ്മാനങ്ങളും കരുതിവച്ചിരുന്നു.

കളക്ടര്‍ പി.ജി.തോമസ്, കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍, കെ.എസ്.ശോഭന, ഗിരിജകുമാരന്‍ പിള്ള, പി.കെ.ലക്ഷ്മിക്കുട്ടി ടീച്ചര്‍, എസ്.വിജയന്‍ പിള്ള, എം.അബ്ദുള്‍ഷുക്കൂര്‍, സി.ജെ.ആന്റണി, എന്‍.രാജേന്ദ്രന്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.